ഒറ്റ നോട്ടത്തില്‍

കണ്ണൂർ ജില്ലയിലെ പയ്യന്നൂർ  താൂക്കിലെ പയ്യന്നുര്‍ ബ്ലോക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് എരമം കുറ്റൂർ ഗ്രാമപഞ്ചായത്ത്. എരമം, കുറ്റൂർ, വെള്ളോറ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന, എരമം-കുറ്റൂർ ഗ്രാമപഞ്ചായത്തിന് 75.14 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് പെരിങ്ങോം-വയക്കര പഞ്ചായത്തും, തെക്കുഭാഗത്ത് കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തും, പയ്യന്നൂർ മുനിസ്സിപ്പാലിറ്റിയും, കിഴക്കുഭാഗത്ത് ആലക്കോട്, ചപ്പാരപ്പടവ് പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് കാങ്കോൽ-ആലപ്പടമ്പ് പഞ്ചായത്തും, പയ്യന്നൂർ മുനിസ്സിപ്പാലിറ്റിയുമാണ്. 1955 ഏപ്രിലിൽ നിലവിൽ വന്ന കുറ്റൂർ വില്ലേജുപഞ്ചായത്തും 1956 ഏപ്രിലിൽ നിലവിൽ വന്ന എരമം വില്ലേജ്പഞ്ചായത്തും സംയോജിപ്പിച്ച്, 1962 ജനുവരിയിലാണ് ഇന്നത്തെ എരമം-കുറ്റൂർ ഗ്രാമ പഞ്ചായത്ത് രൂപം കൊള്ളുന്നത്.

അക്ഷരാര്‍ത്ഥത്തില്‍ തന്നെ കാര്‍ഷികഗ്രാമമാണ് ഈ പഞ്ചായത്തുപ്രദേശം. പേരും പെരുമയുമെന്ന ചിറക്കല്‍ ബാലകൃഷ്ണന്‍ നായരുടെ തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍ എന്ന ഗ്രന്ഥത്തില്‍ ഈ പഞ്ചായത്തിന്റെ ചരിത്രപരമായ പ്രാധാന്യം രേഖപ്പെടുത്തിയിട്ടുണ്ട്. കോലത്തുനാട്ടിലെ ഭരണാധിപവംശത്തിന് മൂഷികവംശം അഥവാ കോലസ്വരൂപം എന്നുപേരുണ്ടായി. ഏഴിമലയുടെ പരിധിയില്‍പ്പെട്ട രാമന്തളി തലസ്ഥാനമാക്കി ആ പുരാതന രാജവംശം സ്ഥാപിച്ചതും കോലത്തുനാട് സ്വാധീനപ്പെടുത്തിയതും ഇരാമകൂടമൂവര്‍ (സംസ്കൃതത്തില്‍ രാമഘടക മൂഷികന്‍) എന്ന രാജാവായിരുന്നു. മൂഷികവംശരാജാക്കന്‍മാരുടെ സ്ഥാനപ്പേരുകളായിരുന്നു രാമന്‍ അഥവാ ഇരാമന്‍. രാമന്തളിക്ക് പുറമെ ഇരാമം എന്നു പേരുള്ള ഒരു ഉപതലസ്ഥാനം കൂടി ആ രാജവംശത്തിനുണ്ടായിരുന്നു. ഇരാമമാണ് കാലക്രമത്തില്‍ എരമം എന്ന പേരില്‍ അറിയപ്പെടുന്നത്. മേലാളജന്മിയുടെ കിരാതവാഴ്ചക്കെതിരായി, വ്യക്തികളെന്ന നിലയിലാണെങ്കില്‍ പോലും ഒറ്റയാള്‍ പോരാട്ടങ്ങള്‍ നടത്തുകയും ഒടുവില്‍ ഫ്യൂഡല്‍ കുതന്ത്രങ്ങള്‍ക്കു മുന്നില്‍ പിടഞ്ഞുവീണു മരിക്കുകയും ചെയ്ത കോടില്ലോന്‍ രാമന്റേയും, വണ്ണത്താന്‍ രാമന്റേയും നാടാണിത്. ഇവര്‍ നടത്തിയ സമരം, ഫ്യഡല്‍ ജന്മിത്തത്തിനെതിരെ നടന്ന ധീരമായ പോരാട്ടങ്ങളുടെ ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമാണ്. മദിരാശി വില്ലേജുപഞ്ചായത്ത് ആക്ട് പ്രകാരം മലബാറില്‍ പഞ്ചായത്തുകള്‍ നിലവില്‍ വന്നപ്പോള്‍ 1955 ഏപ്രിലില്‍ 8 അംഗങ്ങള്‍ അടങ്ങിയ കുറ്റൂര്‍ വില്ലേജുപഞ്ചായത്തും 1956 ഏപ്രിലില്‍ 9 അംഗങ്ങള്‍ അടങ്ങിയ എരമം വില്ലേജുപഞ്ചായത്തും നിലവില്‍ വന്നു.

 

 

about